ആലപ്പുഴ: (www.panoornews.in) ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്‍റെ രണ്ടു ലക്ഷം തട്ടിച്ച കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.
കണ്ണൂർ ചെറുതാഴം സ്വദേശി എം കെ പി ഷമാനെ (34) യാണ് അർത്തുങ്കൽ സ്റ്റേഷൻ ഓഫീസർ പി ജി മധുവിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിച്ച് ഇന്ത്യൻ രൂപ യു എസ് ഡോളറിലേക്കു മാറ്റിത്തരുന്ന ഇടനിലക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് യുവാവിൽ നിന്നു പണം അയപ്പിച്ചത്.
തുടർന്ന്, വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ശ്രീകാന്ത് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയത്. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് പണമെത്തിയതെന്നു കണ്ടെത്തി.
ഈ അക്കൗണ്ടിൽ ആറു കോടിയോളം രൂപ വിവിധ അക്കൗണ്ടുകൾ വഴി എത്തിയതായും കണ്ടെത്തി. തുടർന്നാണ് ഷമാനെ അറസ്റ്റു ചെയ്തത്.
വ്യക്തികളുടെ പേരിലും സ്ഥാപനങ്ങളുടെ പേരിലും അക്കൗണ്ടു തുടങ്ങി ഓൺലൈനിലൂടെ പണം തട്ടുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
ഇതര സംസ്ഥാന ഓൺലൈൻ തട്ടിപ്പുകാരുമായി ഷമാന് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ് ഐ സജീവ്കുമാർ ഡി, എ എസ് ഐ സുധി എ എൻ, സീനിയർ സി പി ഒ മാരായ മനു, ശ്യാംലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
2 lakh through a young woman who met through a matrimonial site; A native of Kannur was arrested